728x90 AdSpace

Latest News

വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി വിപണിയില്‍ ആദ്യമെത്തിച്ച് എല്‍ജി

ലോകത്ത് ആദ്യമായി വക്രീകരിച്ച ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (OLED) ടിവി, ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍ജി വിപണിയിലെത്തിക്കുന്നു.

55 ഇഞ്ച് (140 സെന്റിമീറ്റര്‍) വലിപ്പമുള്ള വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി ( Curved OLED TV ) ആണ് ദക്ഷിണ കൊറിയന്‍ വിപണിയില്‍ എത്തുന്നത്. അതിന് മുന്‍കൂര്‍ ഓര്‍ഡര്‍ വാങ്ങാന്‍ എല്‍ജി ആരംഭിച്ചു. ടിവി അടുത്ത മാസമാദ്യം അവിടുത്തെ ഉപഭോക്താക്കളുടെ പക്കലെത്തും.

EA9800 എന്ന ഈ ടിവി മോഡല്‍ 13,500 ഡോളര്‍ (7.3 ലക്ഷം രൂപ) വിലയ്ക്കാണ് എല്‍ജി വില്‍ക്കുന്നത്.

ഒ.എല്‍.ഇ.ഡി. സങ്കേതത്തിന്റെ വരവോടെയാണ് ടിവി സ്‌ക്രീനുകള്‍ നേര്‍ത്തതാക്കാനും വക്രീകരിച്ച് നിര്‍മിക്കാനും അവസരമൊരുങ്ങിയത്. ആ സാധ്യതയാണ് എല്‍ജി പ്രയോജനപ്പെടുത്തിയത്.

കഴിഞ്ഞ ജനവരിയില്‍ യു.എസിലെ ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍, വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവികളുടെ ആദ്യരൂപങ്ങള്‍ എല്‍ജിയും സാംസങും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, എപ്പോഴേക്ക് ഇത്തരം ടിവികള്‍ വിപണിയിലെത്തുമെന്ന് അന്ന് ഇരു കമ്പനികളും സൂചന നല്‍കിയിരുന്നില്ല.

വൈദ്യുതിയെ പ്രകാശമാക്കി മാറ്റാന്‍ കഴിവുള്ള കാര്‍ബണ്‍ അധിഷ്ഠിത വസ്തുക്കളാണ് ഒ.എല്‍.ഇ.ഡിയുടെ അടിസ്ഥാനം. ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ അഥവാ എല്‍.ഇ.ഡികളുടെ കാര്യത്തില്‍, അതിലെ ക്രിസ്റ്റലുകള്‍ പ്രകാശമാനമാക്കാന്‍ ബാക്ക്‌ലൈറ്റിന്റെ സഹായം വേണം. എന്നാല്‍, ഒ.എല്‍.ഇ.ഡിയുടെ കാര്യത്തില്‍ ബാക്ക്‌ലൈറ്റ് ആവശ്യമില്ല.

അതിനാല്‍, കൂടുതല്‍ ഊര്‍ജക്ഷമത ഉള്ളതാണ് ഒ.എല്‍.ഇ.ഡികള്‍. കനവും ഭാരവും കുറഞ്ഞ സ്‌ക്രീനുകള്‍ രൂപപ്പെടുത്താനും ഇത് സഹായിക്കുന്നു. മാത്രമല്ല, ഉറപ്പുള്ള ഗ്ലാസ് പാളിക്ക് പകരം വളയ്ക്കാനാവുന്ന പ്ലാസ്റ്റിക്കുകളില്‍ ഒ.എല്‍.ഇ.ഡികള്‍ സന്നിവേശിപ്പിക്കാനും കഴിയും. അതുകൊണ്ട്, വക്രതയുള്ള സ്‌ക്രീനുകള്‍ ഈ സങ്കേതമുപയോഗിച്ച് നിര്‍മിക്കാം.

എല്‍ജിയുടെ EA9800 മോഡല്‍ ടിവിക്ക് 4.33 മില്ലിമീറ്റര്‍ കനമേയുള്ളു. ഭാരം വെറും 17 കിലോഗ്രാം മാത്രം. 'ഐമാക്‌സ് ( Imax ) സിനിമ' പോലുള്ള ദൃശ്യാനുഭവമാണ് വക്രതയുള്ള ടിവി നല്‍കുക.

സ്‌ക്രീനിന് എത്ര വക്രതയാകാം എന്ന് തിട്ടപ്പെടുത്താനും, സ്‌ക്രീനിന്റെ അഗ്രങ്ങളില്‍ ദൃശ്യങ്ങള്‍ക്ക് അപാകമുണ്ടാകാതെ നോക്കാനുമൊക്കെയായി അഞ്ചു വര്‍ഷത്തിലേറെ നീണ്ട ഗവേഷണം വേണ്ടിവന്നതായി വാര്‍ത്താക്കുറിപ്പില്‍ കമ്പനി അറിയിച്ചു.

നിലവില്‍ ദക്ഷിണകൊറിയയിലാണ് മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നതെന്ന് എല്‍ജി പറഞ്ഞു. ലോകത്ത് മറ്റിടങ്ങളില്‍ എപ്പോള്‍ ഈ ഉത്പന്നം വില്‍ക്കാനാകും എന്നകാര്യം പിന്നീട് അറിയിക്കുമെന്ന് കമ്പനി അറിയിച്ചു.
  • Blogger Comments
  • Facebook Comments
Item Reviewed: വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി വിപണിയില്‍ ആദ്യമെത്തിച്ച് എല്‍ജി Rating: 5 Reviewed By: Admin